Sunday, July 3, 2016

കണ്ണിൻറെ തെറ്റുകൾ

Onsite assignment കിട്ടിയപ്പോൾ എല്ലാർക്കും കിട്ടുന്ന പോലെ എനിക്കും കിട്ടി ആ ഉപദേശം - കറുമ്പന്മാരെ വിശ്വസിക്കല്ല്. ഇവിടെ നാപോളി യിൽ ധാരാളം ആഫ്രിക്കക്കാർ ഉണ്ട്. അവർ ഒന്നിച്ചു താമസിക്കുന്ന സ്ഥലത്തേക്ക് അങ്ങനെ ആരും പോകാറില്ല.

എനിക്കു വെനീസിലേക്കു പോകേണ്ടി വന്നു. ട്രെയിൻ ഉണ്ട്. ബൊളോഗ്‌നയിൽ വെച്ചു മാറി കേറണം. എന്റെ കഷ്ടകാലത്തിനു അന്ന് പതിവില്ലാതെ നാപോളിയിൽ നിന്നുള്ള ട്രെയിൻ ഒന്നര മണിക്കൂർ താമസിച്ചു. രാത്രി 12 മണിക്കാണ് ബൊളോഗ്‌നയിൽ എത്തിയത്. എന്റെ കണക്ഷൻ ട്രെയിനും പോയിരുന്നു. ഇവിടെ ഇംഗ്ലീഷ് അറിയാവുന്നവർ വളരെ കുറവാണ്. എങ്ങനെ ഒക്കെയോ വെനീസിൽ എത്തിയപ്പോൾ വെളുപ്പിനെ 2 മണിയായി. ഇനി ഹോട്ടലിലേക്ക് ബോട് ഇല്ല.വേറെ ഒരിടത്തു ഇറങ്ങിയിട്ട് നടന്നു പോണം. എന്തെങ്കിലും ആവട്ടെ എന്നു കരുതി ബോട്ടിൽ കയറി. ഏതോ ഒരിടത്തു എന്നെ ഇറക്കിവിട്ടു. ഇനി ഹോട്ടലിലേക്കുള്ള വഴി അറിയില്ല. തിരിഞ്ഞു നോക്കിയപ്പോൾ എന്റെ കൂടെ അവിടെ ഇറങ്ങിയത് 2 കറുമ്പന്മാർ. നല്ല പൊക്കം, കണ്ടാൽ ഗുണ്ടകളെ പോലെ. കഴുത്തിൽ ഒരു വലിയ ചെയിൻ ഒക്കെ ഇട്ടു മുടിയൊക്കെ പറ്റ വെട്ടി എന്റെ പിന്നിൽ വരുന്നുണ്ട്. വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് അവരോടു തന്നെ വഴി ചോദിച്ചു. മൊബൈലിൽ ഹോട്ടലിന്റെ അഡ്രസ് കാണിച്ചു. അവർ എന്നെ ഒപ്പം കൂട്ടി. ഏതൊക്കെയോ ഊടുവഴികളിലൂടെ എന്നെ കൊണ്ടു പോയി. ഒരു പാലത്തിനു അപ്പുറം ആ ഹോട്ടൽ കാണിച്ചു തന്നിട്ടാണ് അവർ തിരികെ പോയത്. ഭാഷ അറിയാത്തതു കൊണ്ടു അവർ എന്റെ കൂടെ വന്നു ഹോട്ടൽ കാണിക്കുകയായിരുന്നു. ആ രാത്രി അപരിചിതനായ എന്നെ സഹായിച്ചതിന് ഞാൻ നന്ദി പറഞ്ഞു. മുന്നോട്ടു നടക്കുമ്പോൾ എന്റെ പല മിഥ്യ ധാരണകളെയും ഞാൻ ആ വഴിയിൽ ഉപേക്ഷിച്ചു.

No comments:

Post a Comment