Tuesday, July 31, 2012

വീരാളിക്കാവ് അഥവാ മനോഹര ചരിതം.

Reading problem? Click here

മനോഹരന്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ഇവിടെ എത്തിയിട്ട് അഞ്ചു കൊല്ലമായി. ചിട്ടിപ്പിരിവുകളും ചെറിയ ജോലികളും ചെയ്തു തരക്കേടില്ലാതെ ജീവിച്ചു പോകുന്നു, അങ്ങനെ ഇരിക്കെ മനോഹരന് നാട്ടില്‍ നിന്നു ഫോണ്‍ വന്നു - അച്ഛനാണ് - "മോനെ മനോഹരാ, നീ ഉടനെ ഇങ്ങു എത്തണം". "എന്താ അച്ഛാ കാര്യം?" മനോഹരന്‍ തെല്ലു പരിഭ്രമത്തോടെ തിരക്കി. "നമ്മുടെ താഴത്തെ കാട് പിടിച്ചു കിടന്ന സ്ഥലത്ത് എവിടെയോ ഒരു ദേവീ  വിഗ്രഹം ഉണ്ടെന്നു ഇന്നലെ പ്രശ്നം വെച്ച് നോക്കിയപ്പോ മനസിലായി. ദേവിക്കുള്ള ആരാധന മുടങ്ങിയതിലും, അവിടം കാട് പിടിച്ചു വൃത്തികേടായി കിടക്കുന്നതിലും ദേവിക്ക് പരിഭവം ഉണ്ട്. അതുകൊണ്ടാണ് നമുക്ക് ഉയര്‍ച്ച ഉണ്ടാവാത്തത്. ഉടനെ ആ വിഗ്രഹം കണ്ടെത്തണം. ആരാധന പുനരാരംഭിക്കണം. നീ ഉടനെ വന്നെ പറ്റു." - അച്ഛന്‍ പറഞ്ഞു നിര്‍ത്തി. മനോഹരന്‍ ആകെ അമ്പരന്നു ഇരിപ്പാണ്. കുറെ നേരം അച്ഛനും മകനും കൂടിയാലോചിച്ചു. അവസാനം നാട്ടിലേക്ക് പോകാന്‍ മനോഹരന്‍ തീരുമാനിച്ചു.

മനോഹരന്‍ വിമാനം കയറി. വന്നിറങ്ങിയതും എയര്‍പോര്‍ടില്‍ ഒരു പരിചയക്കാരനെ കണ്ടു. കണ്ടതും അയാള്‍ ചോദിച്ചു - "അറബികളെ പറ്റിക്കാന്‍ എളുപ്പമാന്നോടെ?" ഉള്ളില്‍ വന്ന ദേഷ്യം മറച്ചു വെച്ച് മനോഹരന്‍ എയര്‍പോര്‍ട്ട്-നു വെളിയില്‍ എത്തി. അവിടെ മനോഹരനെയും കാത്തു അച്ഛന്‍ നില്പുണ്ടായിരുന്നു. വീട്ടില്‍ എത്തിയപ്പോള്‍ അയല്പക്കക്കാരെല്ലാം ഒത്തുകൂടിയിരുന്നു. അന്നവിടെ ദേവപ്രശ്നം നടക്കുകയാണ്. വിഗ്രഹം കണ്ടെത്താനുള്ള പ്രശ്നം വെക്കല്‍., തെക്ക് പടിഞ്ഞാറന്‍ കോണിലാണ് വിഗ്രഹം കിടക്കുന്നതെന്നു പ്രശ്നത്തില്‍ തെളിഞ്ഞു. വിഗ്രഹം ചെളിയില്‍ മുങ്ങി താണ അവസ്ഥയില്‍ ആണ്. പണ്ട് ഉണ്ടായിരുന്ന പോട്ടക്കിണട്ടിലാവാം വിഗ്രഹം എന്ന് മനോഹരന് മനസിലായി. പൊട്ടക്കിണര്‍ കാട് മൂടിയ അവസ്ഥയിലാണ്. നാട്ടുകാരുടെ സഹകരണത്തോടെ ഏറെ കഷ്ടപ്പെട്ടുള്ള തിരച്ചിലിനൊടുവില്‍ ദേവപ്രശ്നത്തില്‍ പറഞ്ഞത് പോലെ തന്നെ ചെളിയില്‍ നിന്നു വിഗ്രഹം കണ്ടെടുത്തു. അതി മനോഹരമായ ദേവി വിഗ്രഹം. കണ്ടെടുത്ത ഉടന്‍ തന്നെ പോലീസ് നടപടികള്‍ പൂര്‍ത്തിയായി. വിഗ്രഹത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ പ്രസസ്തമായ ലാബ്‌--ലേക്ക് അയച്ചു.

നാട്ടുകാര്‍ സംഖടിച്ചു മനോഹരന്റെ നേതൃത്വത്തില്‍ ഒരു ട്രസ്റ്റ്‌-നു രൂപം നല്‍കി. ഒരു ദേവീ ക്ഷേത്രം നിര്‍മിക്കുവാനും അവിടെ പൂജകള്‍ നടത്തുവാനും ധാരണയായി. കുറച്ചു കുടുംബ ആസ്തിയും പിന്നെ നാട്ടുകാരില്‍ നിന്നു പിരിച്ചെടുത്ത പണവും കൊണ്ട് എല്ലാം ഭംഗിയായി നടന്നു. ഒരു ദേവീ ക്ഷേത്രവും ചുറ്റമ്പലവും പണികഴിപ്പിച്ചു. ഒരു ഭാഗം കാവിനു വേണ്ടി മാറ്റിവെച്ചശേഷം കാട് വെട്ടിതെളിച്ചു. ക്ഷേത്രത്തിനു വീരാളിക്കാവ് എന്ന പേരും വീണു. ഇതിനിടക്ക്‌ വിഗ്രഹത്തിനു ആയിരം കൊല്ലത്തോളം പഴക്കം ഉണ്ടെന്നുള്ള ലാബ്‌ റിസള്‍ട്ട്‌ വരികയും ചെയ്തു.

വീരാളിക്കാവ് ദേവി ഏറ്റവും കൂടുതല്‍ അനുഗ്രഹിച്ചത് മനോഹരനെ തന്നെ ആയിരുന്നു. മനോഹരന്‍ ഒരു നല്ല നിലയിലായി. വീടും കാറും ഉയര്‍ന്ന സാമ്പത്തികമുള്ള കുടുംബത്തില്‍ നിന്നുള്ള കല്യാണവും എല്ലാം മുറപോലെ നടന്നു. ക്ഷേത്രവും വികസിച്ചു. ഉപദേവത പ്രതിഷ്ഠകളും പൊങ്കാല, ഏഴു ദിവസം നീണ്ടുനിക്കുന്ന ഉജ്വലമായ ഉത്സവം എന്നിവ നടന്നു. വീരാളിക്കാവ് പൊങ്കാലക്ക് പ്രശശ്ത സിനിമ സീരിയല്‍ നടിമാര്‍ വന്നു. വീരാളിക്കാവ് ദേവിയുടെയും പോങ്കാലയുടെയും പരസ്യങ്ങള്‍ ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ കൂടെ ജനങ്ങളിലേക്ക് എത്തി. ആ നാട്ടിലെ ഏറ്റവും വല്യ ഉത്സവമായി വീരാളിക്കാവ് തിരുവുത്സവം.  മനോഹരനാവട്ടെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി.

ഒരു ദിവസം മനോഹരനെ തേടി ഒരു വിശിഷ്ട വ്യക്തിയുടെ ദൂതന്‍ എത്തി. മന്ത്രിയുടെ ഉപദേഷ്ടാവായ കൃഷ്ണമൂര്‍ത്തിയുടെ ദൂതനായിരുന്നു എത്തിയത്. കൃഷ്ണമൂര്‍ത്തിക്ക് മനോഹരനെ കാണാന്‍ താല്പര്യം ഉണ്ടെന്നും, നഗരത്തിലെ പ്രശശ്തമായ പഞ്ച നക്ഷത്ര ഹോട്ടലില്‍ അദ്ദേഹം എത്തിയിട്ടുണ്ടെന്നും അസൌകര്യമില്ലെങ്കില്‍ അദ്ദേഹത്തെ അങ്ങോട്ട്‌ ചെന്ന് ഒന്ന് കാണണം എന്നുമാണ് ദൂതന്‍ ആവശ്യപ്പെട്ടത്. പിറ്റേ ദിവസം ഹോട്ടലില്‍ ചെന്ന്കൊള്ളാം എന്ന് മനോഹരന്‍ ഏറ്റു. നഗരത്തിലെ അടുത്ത ബന്ധുവുമായി അന്വേഷിച്ചപ്പോള്‍ കാര്യം ശെരിയാണെന്ന് ബോധ്യപ്പെട്ടു. എന്തിനാവാം അദ്ദേഹം തന്നെ അന്വേഷിച്ചത്? മനോഹരന്‍ പലതും ആലോചിച്ചു.

പിറ്റേന്ന് മനോഹരന്‍ ഹോട്ടലില്‍ എത്തി. കൃഷ്ണമൂര്‍ത്തി മനോഹരനെ കാത്തു റൂമില്‍ ഉണ്ടായിരുന്നു. മനോഹരനെ സ്വീകരിച്ചതിനു ശേഷം കൃഷ്ണമൂര്‍ത്തി പറഞ്ഞു - " മനോഹരാ, നിങ്ങള്‍ ഇപ്പോള്‍ പോലീസ് custody -ഇല്‍ ആണ്. വീട്ടില്‍ പോലീസ്കാരുമായി വന്നു അറസ്റ്റ് ചെയ്‌താല്‍ നിങ്ങള്‍ അത് വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കും, ചിലപ്പോള്‍ വര്‍ഗീയ സംഘട്ടനങ്ങള്‍ തന്നെ നടന്നേക്കാം. അതുകൊണ്ടാണ് ഇങ്ങനെ ഒരു operation. ഈ മുറിയും ഈ ഫ്ലോര്‍-ഉം മുഴുവന്‍ പോലീസ് വലയത്തിലാണ്. നിങ്ങള്ക്ക് രക്ഷപ്പെടാന്‍ ആവില്ല." മനോഹരന്‍ സ്തംഭിച്ചു പോയി.

മനോഹരനെ രഹസ്യമായി പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാനായി കൊണ്ട് പോയി. "നിങ്ങള്‍ ജനങ്ങളെ ചതിച്ചു ജീവിക്കുന്നു. നിങ്ങളുടെ ക്ഷേത്രത്തിലെ വിഗ്രഹത്തിനു ആയിരം കൊല്ലം പഴക്കമുണ്ടെന്ന് റിസള്‍ട്ട്‌ തന്ന ലാബിലെ ഉദ്യോഗസ്ഥന്‍ മറ്റൊരു കേസില്‍ പോലീസ് പിടിയിലായി. അയാളെ ചോദ്യം ചെയ്തപ്പോളാണ് നിങ്ങളെക്കുറിച്ച് അയാള്‍ പറഞ്ഞത്. സത്യം ഞങ്ങള്‍ മനസിലാക്കിയ സ്ഥിതിക്ക് മനോഹരന്‍ സഹകരിക്കണം. ഞങ്ങള്‍ക്ക് പണി ഉണ്ടാക്കി വെക്കല്ല്. എല്ലാ സത്യവും തുറന്നു പറയുക." പോലീസ് വ്യക്തമാക്കി. മനോഹരന്‍ പറഞ്ഞുതുടങ്ങി...

"നാട്ടില്‍ ചെറിയ കള്ളത്തരങ്ങളും റിയല്‍ എസ്റ്റേറ്റ്‌ പറ്റീരും നടത്തി ജീവിക്കുന്ന കാലം. പെട്ടെന്ന് പണക്കാരന്‍ ആകാനുള്ള ആലോചനയില്‍ എനിക്ക് തോന്നിയ ഒരു ബുദ്ധി ആയിരുന്നു അത്. ഒരു കടയില്‍ നിന്നു ദേവീ വിഗ്രഹം ഞാന്‍ വാങ്ങി. അത് പൊട്ടക്കിണറ്റില്‍ കൊണ്ടിട്ടു. പണ്ടേ കാടുപിടിച്ച് കിടന്ന സ്ഥലമായിരുന്നു. അച്ഛനോട് പറഞ്ഞ് അവിടം ഒന്നും ചെയ്യാതെ ഇട്ടിരുന്നു. ഈ ലാബില്‍ ജോലി ചെയ്യുന്നയാള്‍ എന്‍റെ ഒരു പഴയ സുഹൃത്താണ്. അയാളുമായി പ്ലാന്‍ ചെയ്തതിനു ശേഷം ഞാന്‍ ഗള്‍ഫിലേക്ക് കടന്നു. ഇവിടെ അച്ഛന്‍ കാര്യങ്ങള്‍ എല്ലാം ഭംഗിയായി നടത്തുന്നുണ്ടായിരുന്നു. ദേവപ്രശ്നവും പൂജകളും എല്ലാം കള്ളത്തരം ആണ്. നമ്മുടെ നാട്ടിലെ ജനങ്ങളുടെ അന്ധവിശ്വാസം മുതലെടുക്കുകയായിരുന്നു ലക്‌ഷ്യം. മുന്‍പ് പറഞ്ഞുറപ്പിച്ച പ്ലാന്‍ അനുസരിച്ചാണ് എല്ലാം നടന്നത്. പക്ഷെ ഇപ്പൊ എനിക്ക് മനസിലായി സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരുമെന്ന്." മനോഹരന്‍ പറഞ്ഞു. പോലീസുകാര്‍ എല്ലാം രേഖപ്പെടുതുന്നുണ്ടായിരുന്നു. "ഞാന്‍ ജനങ്ങളെ പറ്റിച്ചു ശേരിതന്നെ, പഷേ ഗള്‍ഫില്‍ വെച്ച് എന്നെപോലെ കുറെ ആളുകളെ ഞാന്‍ പരിചയപ്പെട്ടായിരുന്നു. പലരും ഇവിടെ വന്നു ക്രിസ്ത്യന്‍ പള്ളികളും മുസ്ലിം പള്ളികളും അമ്പലങ്ങളും പണിഞ്ഞു. പലരും ഇവിടത്തെ പ്രശശ്ത ജ്യോല്സ്യന്മാരായി. എത്രയോ രാഷ്ട്രീയക്കാര്‍ ഇവിടെ ജനങ്ങളെ പറ്റിക്കുന്നു. പക്ഷെ എന്നെ മാത്രം, ഞാന്‍ മാത്രം എങ്ങനെ പിടിക്കപ്പെട്ടു?" മനോഹരന്‍ ചോദിച്ചു. ഒരു si -യുടെ ഉത്തരം ഇങ്ങനെ ആയിരുന്നു - "മോനെ മനോഹര, കക്കാന്‍ പഠിച്ചാ പോര, നിക്കാനും പഠിക്കണം."


NB: തികച്ചും സാങ്കല്‍പ്പികമായ ഒരു കഥയാണിത്. എന്തെങ്കിലുമായി സാദൃശ്യം തോന്നിയാല്‍ സ്വാഭാവികം മാത്രം. ആരുടെയെങ്കിലും മനസു വേദനിച്ചുവെങ്കില്‍ സദയം ക്ഷമിക്കുമല്ലോ?No comments:

Post a Comment