Saturday, January 29, 2011

രഖു ചേട്ടന്‍

പാതിരാത്രി സ്വപ്നം കണ്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു. ദൈവമേ, രഖു ചേട്ടനെ ആണല്ലോ ഞാന്‍ സ്വപ്നം കണ്ടത്.. മരണാനന്തര കര്‍മങ്ങളില്‍ കര്‍മിയായി വരാറുള്ള രഖു ചേട്ടന്‍.. ഭയം എന്‍റെ സിരകളില്‍ പടര്‍ന്നു കയറുന്നു. അന്തരീക്ഷത്തില്‍ മരണത്തിന്റെ ഗന്ധം. വേഗതയില്‍ കറങ്ങുന്ന ഫാനിന്‍റെ കാറ്റിലും അടിമുടി വിയര്‍ക്കുന്നത് ഞാനറിഞ്ഞു.

പലരുടെയും മരണ വേളയില്‍ കര്‍മം ചെയ്യിക്കാനായി രഖു ചേട്ടന്‍ വന്നിരുന്നത് ഞാന്‍ ഓര്‍ത്തു. ചീകി ഒതുക്കിയ മുടിയും താടിയും. കഴുത്തില്‍ രുദ്രാക്ഷ മാല. കാവി കൈലി. കയ്യിലുള്ള പേനാക്കത്തി കൊണ്ട് കമുകിന്‍റെ പാളയും എള്ളും പൂവും ഒരുക്കിക്കൊണ്ടിരിക്കും. പൂക്കള്‍ പരേതന്റെ ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് വീതിച്ചു കൊടുത്തുകൊണ്ട് രഖു ചേട്ടന്‍ പ്രാര്‍ത്ഥന ചൊല്ലിക്കൊടുക്കും - " ..... നീ നടത്തുന്നു നിര്‍ത്തുന്നു.. നീ വിളിക്കുന്നു ദേഹിയെ.." ഉറ്റവരുടെയും ഉടയവരുടെയും വേര്‍പാടുകളില്‍ എത്രയോ തവണ ഞാനും ഈ പ്രാര്‍ത്ഥന ചൊല്ലിയിരിക്കുന്നു....

എന്തിനാണ് ദൈവമേ എന്നെ സ്വപ്നം കാണിച്ചത്‌? പ്രായ ലിംഗ ഭേദമില്ലാതെ മരണം വിളയാടുന്ന സമയമാണ്. ജീവിച്ചിരിക്കുന്ന ആരുടെയെങ്കിലും മരണം ഞാന്‍ സ്വപ്നം കണ്ടുവോ? ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. ആരെയോ വാഴയിലയില്‍ രണ്ടറ്റത്തും തിരി കത്തിച്ചു കിടത്തിയിരിക്കുന്നു. ചുറ്റും കയ്യില്‍ പുഷ്പങ്ങളുമായി നിറകണ്ണുകളോടെ ബന്ധുക്കള്‍. മരണം എന്ന ശാശ്വത സത്യത്തെ അംഗീകരിക്കാന്‍ പ്രയാസപ്പെട്ടു അവര്‍ ചൊല്ലുന്നു - " ..... നീ നടത്തുന്നു നിര്‍ത്തുന്നു.. നീ വിളിക്കുന്നു ദേഹിയെ..". ആരാണ് മരിച്ചത്? നിര്‍ജീവമായ ആ മുഖം ആരുടെയാണ്? ദൈവമേ... ഞാനല്ലേ അത്?... എന്‍റെ മുഖമല്ലേ അത്?... സര്‍വ നാടിയും തളരുന്നു..എന്‍റെ നെഞ്ഞിടിപ്പ്‌ എനിക്കുതന്നെ കേള്‍ക്കാം.കിടക്കയില്‍ നിന്ന് ചാടി എഴുനേറ്റു ഞാന്‍ ലൈറ്റിട്ടു. ഞാന്‍ മരിച്ചിട്ടില്ല. ചുറ്റും നോക്കി. ഭാര്യയും മകളും ഒന്നുമറിയാതെ ഉറങ്ങുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നു എന്നുള്ളത് എന്നെ സന്തോഷവാനാക്കി. ജീവിതത്തെ പറ്റി ഗാധമായി ചിന്തിച്ചത് അപ്പോളാണ്. ജീവിതത്തിന്‍റെ വില ഞാന്‍ തിരിച്ചറിയുന്നു. സ്നേഹത്തോടെ ഞാന്‍ ഭാര്യയെയും മകളെയും നോക്കി. ഒരുപക്ഷെ മുന്‍പത്തെക്കാളും സ്നേഹത്തോടെ.. നാട്ടിലുള്ള അച്ഛനെയും അമ്മയെയും വിളിക്കണമെന്ന് തോന്നി. രാവിലെയാവാം എന്ന് തീരുമാനിച്ചു.

മുറി തുറന്നു പുറത്തിറങ്ങി. കുറച്ചു വെള്ളം കുടിച്ചു. മുഖം കഴുകി. കണ്ണാടിയില്‍ എന്‍റെ പ്രതിബിംബത്തെ ഞാന്‍ കുറച്ചു നേരം നോക്കി നിന്നു. എന്തൊക്കെയോ ചിന്തകള്‍ മനസിലൂടെ കടന്നു പോയി. തിരികെ വന്നു കിടന്നു. ഉറക്കം വരുന്നില്ല. എന്‍റെ മനസ്സില്‍ ഒരു ചോദ്യം ബാക്കി ആയിരുന്നു - എന്തിനാണ് എന്നെ ഇങ്ങനെ സ്വപ്നം കാണിച്ചത്‌? ആലോചിച്ചു എപ്പോളോ ഉറങ്ങി.

രാവിലെ വീട്ടിലേക്കു വിളിച്ചു. അമ്മയാണ് ഫോണ്‍ എടുത്തത്‌. "എന്തൊക്കെ ഉണ്ട് അമ്മെ വിശേഷം?" - ഞാന്‍ തിരക്കി. അമ്മ പറഞ്ഞു - "മോനെ.. നമ്മടെ രഖു ഇല്ലേ.. കര്‍മി രഖു.. ഇന്നലെ രാത്രി മരിച്ചു പോയി..."

ഞാന്‍ സ്തബ്ധനായി....

[ശ്യാം / 04 /02 /2010]

2 comments:

  1. കൊള്ളാം ശ്യാമേ കിടിലം ......

    ReplyDelete
  2. ശ്യാമില്‍ നല്ല ഒരു എഴുത്തുകാരന്‍ ഉണ്ട്. നല്ല തീമുകളും മനസ്സില്‍ ഉണ്ട്. ഒന്നുകൂടെ ശ്രദ്ധിച്ചാല്‍ അതായത് എഴുത്തിനെ ഒന്നുകൂടെ ആത്മാര്‍ത്ഥമായി കണ്ടാല്‍ കൂടുതല്‍ നിലവാരമുള്ള കഥകള്‍ എഴുതാന്‍ കഴിയും.

    ReplyDelete